Tuesday, 17 December 2019

വീണ്ടും ചില സ്കൂൾ ദിന ചിന്തകൾ

*വീണ്ടും ചില സ്കൂൾ ദിന ചിന്തകൾ:*
ഞാൻ ഒന്നു മുതൽ നാലു വരെ പഠിച്ചത് ഫറോക്ക് നല്ലൂരിലെ ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലാണ്
തകർന്നു വീഴാൻ കാത്തു നില്കുന്ന കെട്ടിടം, മുകളിലേക്ക് നോക്കിയാൽ ഓടുകൾ പട്ടികയുടെ സഹായമില്ലാതെ നില്കുന്നത് കാണാം. ചിതൽമണ്ണ് ഓടുകൾക്കിടയിലുള്ളതിനാൽ വേനൽ കാലത്ത് വീഴില്ല. എന്നാൽ മഴക്കാലത്ത് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. അര ചുവരിനു മുകളിൽ പട്ടിക തലങ്ങും വിലങ്ങും അടിച്ചതാണ് മറവ്. ശക്തമായ മഴയിൽ കാറ്റിൽ ക്ലാസിൽ വെള്ളമെത്തും.
കൃഷ്ണൻ മാഷ് ശാന്തകുമാരി ടീച്ചർ അറബി മാസ്റ്റർ ഇവരുടെയെല്ലാം പേരുകൾ ഓർമയിലുണ്ട്
അഞ്ചാം ക്ലാസ് മുതൽ ഏഴാം തരം വരെ മാരാർ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഗവൺമെൻറ് ഗണപത് അപ്പർ പ്രൈമറി സ്കൂൾ. റോഡിലേക്ക് ജനലുകൾ തുറക്കുന്ന U മാതൃകയിലെ സ്കൂൾ കെട്ടിടം. ഞങ്ങൾ കളിക്കാൻ പോയിരുന്നത് അമ്പല പറമ്പിലാണ്. തകർച്ചയുടെ കാര്യത്തിൽ GLP സ്കൂളുമായി മത്സരത്തിൽ തന്നെ.
പത്മിനി ടീച്ചർ മാധവി ടീച്ചർ കാവേരി ടീച്ചർ രാമചന്ദ്രൻ മാസ്റ്റർ മുതലായ അധ്യാപകർ ഓർമയിലുണ്ട്.
എട്ടാം തരം മുതൽ ഫറോക്ക് ഗവൺമെൻറ് ഗണപത് ഹൈസ്കൂളിൽ
വളരെ പുരാതനമായ കെട്ടിടങ്ങൾ, വൃത്തിഹീനമായ മൂത്ര പുരകൾ.
പഠിപ്പിക്കാനൊഴികെ മറ്റ് എല്ലാ കാര്യങ്ങളും അറിയുന്ന അധ്യാപകർ.
കോട്ടി കണ്ണൻ, ചപ്പാത്തി, കറപ്പായി മുതലായ അപര നാമത്താൽ പ്രസിദ്ധമായവർ.
ഞാൻ സ്കൂൾ ലീഡറും SFI നേതാവുമായിരുന്നു. സമരങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നു.
കണക്കു മാസ്റ്റർ കോട്ടിക്കണ്ണൻ ക്ലാസിൽ വെച്ച് എന്നെ ശപിച്ചു നീയൊന്നും നന്നാകില്ല എന്ന്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. അധ്യാപക യൂണിയൻ നേതാവായിരുന്ന ബഷീർ മാസ്റ്ററോട് ഞാൻ സഹായ മദ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഫാറൂഖ് കോളേജിനടുത്തുള്ള വീട്ടിൽ ഒഴിവു ദിവസങ്ങളിൽ ട്യൂഷനു പോയി. ഇംഗ്ലീഷും കണക്കും മറ്റ് എല്ലാ വിഷയത്തിലും അദ്ദേഹം എന്നെ സഹായിച്ചു.
SSLC ക്ക് 351 മാർക്ക് വാങ്ങി ജയിച്ചു
അന്ന് ഫസ്റ്റ് ക്ലാസ് എന്നത് 600ൽ 360 മാർക്കാണ്
500 ഓളം വിദ്യാർത്ഥികളിൽ വിരലിൽ എണ്ണാവുന്നവരാണ് ഫസ്റ്റ് ക്ലാസുകാർ. ഇന്നത്തെ പോലെ ഉദാരമായ മാർക് ലഭ്യത അന്നില്ല.
പരീക്ഷ ഫലം വന്ന ശേഷം കണക്കു മാഷെ കണ്ടപ്പോൾ ആക്കിക്കൊണ്ട് ഒരു ചിരി, എന്തരെടേ പാസായോ എന്നു ചോദിച്ചു. ഉവ്വ് എന്നു പറഞ്ഞപ്പോൾ കണക്കിന് എത്ര കിട്ടി എന്നായി ചോദ്യം. 66 എന്ന് കേട്ടപ്പോൾ പുള്ളി ഒന്നു നടുങ്ങി.
ഇങ്ങനെ രണ്ടുതരം അധ്യാപകർ എല്ലാ കാലത്തും എല്ലാ വിദ്യാലയങ്ങളിലും കാണും.
ഞാൻ പഠിച്ച വിദ്യാലയങ്ങൾ എല്ലാം തന്നെ നല്ല കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുള്ള കൂടുതൽ വിദ്യാർത്ഥികൾ ഉള്ള, കൂടുതൽ വിജയ നിലവാരമുള്ള സ്ഥാപനങ്ങളായി വളർന്നു.
"Rome Wasn't Built in a Day, But They Were Laying Bricks Every Hour." - John Heywood
എന്നു പറഞ്ഞതു പോലെ ഈ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിച്ചതല്ല സംഭവിപ്പിച്ചതാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, അധ്യാപക രക്ഷാകർതൃ സമിതികൾ MLA MP മുതലായവരുടെ ഗുണകരമായ ഇടപെടലുകളാണ് ഈ മാറ്റങ്ങൾക്കു നിദാനം.
GGUP യിലും GGVHS ലും കെട്ടിടങ്ങൾ ഇത്തരം MLA MP ഫണ്ട് മുഖേന നിർമിച്ചത് എന്നു വായിക്കാം.
വയനാട്ടിൽ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് MLA കോൺഗ്രസ് MP കോൺഗ്രസ് കഴിഞ്ഞ മന്ത്രിസഭയിൽ ഇവിടെ നിന്നും ഒരു മന്ത്രിയും ഉണ്ടായിരുന്നു. ഇവർക്കൊക്കെ എന്താണ് ജോലി?
മാധ്യമ വിചാരണയിൽ ഇത്തരം കാര്യങ്ങൾ കൂടി ചർച്ചയാവേണ്ടേ?
കുറ്റം ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം പക്ഷെ അതിന്റെ മറവിൽ സർകാറിനെ കല്ലെറിയുന്നവരുടെ ഉദ്ദേശം മറ്റൊന്നാണ്

No comments:

Post a Comment