Tuesday, 17 December 2019

സ്ത്രീശാക്തികരണം

സ്ത്രീശാക്തികരണം:
സ്ത്രീശാക്തികരണം സ്ത്രീപുരുഷസമത്വം മാത്രമല്ല സമൂഹത്തിന്റെ സമഗ്രമായ ഉയർച്ചയ്ക്കും സാമൂഹിക മാറ്റത്തിനും വഴിതെളിക്കും.
നീതി, സമത്വം, സാമൂഹിക പരിരക്ഷ, സാമ്പത്തിക സുരക്ഷിതത്വം മുതലായവ ഉറപ്പു വരുത്തുന്ന വിവിധ കർമ പരിപാടികളിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കണം.
സാമൂഹിക തലത്തിലും ശാക്തീകരണം നേടണം.
രാഷ്ട്രീയ സാമ്പത്തിക ബൗദ്ധിക സാംസ്കാരിക തലങ്ങളിൽ സ്ത്രീകൾ ശക്തിയാർജ്ജിക്കണം.
നീതിക്ക് വേണ്ടി പോരാടാനും ചൂഷണങ്ങൾക്കെതിരെ നിൽക്കാനും സ്ത്രീകൾ ശക്തരാകണമെങ്കിൽ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെ പറ്റി അവർക്ക് ബോധം ഉണ്ടായിരിക്കണം.
സ്ത്രീകളെ കേവലം ഉപഭോഗ വസ്തുക്കൾ ആക്കി അവഹേളിക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്.
സ്ത്രീക്ക് മോചനം പുരുഷനിൽനിന്ന് അല്ല, മറിച്ച് സ്ത്രീയേയും പുരുഷനേയും ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥയിൽ നിന്നുമാണ്.
പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയുംലോകത്താണ് സ്ത്രീപുരുഷസമത്വം സഫലമാകുന്നത്.
പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരായ വരുടെ കൂടി വീടുകളിൽ ഇന്നും ഈ ആശയം എത്തിച്ചേർന്നിട്ടില്ല എന്നതാണ് ദുഖകരം.
ഒരു യോഗത്തിൽ സംസാരിക്കവേ തമിഴ്നാട്ടിലെ ഒരു വനിതാ നേതാവ് പറഞ്ഞ കാര്യംഇവിടെ അനുസ്മരിക്കുന്നു.
കേരളത്തിലെ പുരുഷ സഖാക്കൾ വീട്ടിൽ ചെല്ലുമ്പോൾ പുറത്തു അഴിച്ചു വെക്കുന്ന ചെരുപ്പ് പോലെയാണ് പലരുടെയും സ്ത്രീപുരുഷസമത്വം.
വീടിനകത്ത് പുരുഷ മേധാവിത്വം അരങ്ങേറുന്നു.
എൻറെ ഒരു അനുഭവം പങ്കു വയ്ക്കാം.
ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാൻ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ പോയി
ഭാര്യ വാതിൽ തുറന്നു. അദ്ദേഹം കുളിക്കുകയായിരുന്നു. ഭാര്യ
കുളിമുറിയുടെ വാതിൽ തട്ടി ഞാൻ എത്തിയ വിവരം അറിയിച്ചു.
കുളി കഴിഞ്ഞു പുറത്തുവന്ന മാന്യദേഹം എന്റെ മുന്നിൽ വച്ച് ആ സാധു സ്ത്രീയെ ചിത്ര വധം ( കുളിക്കുമ്പോള്‍ വിളിച്ചതിന്) ചെയ്യുന്നതിന് ഞാൻ സാക്ഷിയാകേണ്ടി വന്നു.
ഞാൻ വല്ലാതായി.
ഇത്തരം ഒരനുഭവം ആദ്യമായിട്ടായിരുന്നു.
അദ്ദേഹം മാനസികമായും ശാരീരികമായും അവരെ ഉപദ്രവിക്കാറു ണ്ടെന്ന് പിന്നീടറിഞ്ഞു.
അക്കാലത്തെല്ലാം താൻ ഒരു സഖാവാണ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.
എന്നാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ചിന്താഗതിയോട് യോജിക്കുന്ന രാഷ്ട്രീയത്തിലേക്ക് മാറി.
പിന്നീട് സ്വന്തം വാദഗതികൾ ന്യായീകരിക്കാൻ അസഭ്യമായ വാക്കുകൾ ഫേസ് ബുക്കില്‍ ഉപയോഗിക്കാൻ തുടങ്ങിയതോടെ എന്റെ സുഹൃത്ത് വലയത്തിൽ നിന്നും ഒഴിവാക്കി.
ഒരു രാഷ്ട്രീയ പ്രവർത്തകൻ സത്യസന്ധനായിരിക്കണം
അവൻ പ്രചരിപ്പിക്കുന്ന ആശയങ്ങൾ വ്യക്തി ജീവിതത്തിലും നടപ്പിലാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണം.

No comments:

Post a Comment